ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാട്ടിൻപുറക്കാരായ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂർവ്വികർ. ചോളർ, പാണ്ഡ്യർ, ചേരൻ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടെയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യംവഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്ത് പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിൻമുറക്കാരാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായിരുന്നു ഇവരുടെ വരവ്. കാലക്രമേണ രൂപപ്പെട്ട ജൻമി- കുടിയാൻ വ്യവസ്ഥിതിയുടെ ഭാഗമായി ജൻമിമാരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഹരിജനങ്ങളെയും കൊണ്ടുവന്നു പാർപ്പിച്ചിരുന്നു. താഴ്വരകളും പാടശേഖരങ്ങളും റബർ മരങ്ങളും പാറകൾകൊണ്ട് ചുറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളും ഉൾപ്പെട്ട വെള്ളറട പ്രദേശത്ത് മുക്കാൽ നൂറ്റാണ്ട് മുമ്പ് കർഷകരും കർഷകതൊഴിലാളികളും പുല്ലുകൊണ്ടും ഈറ ഇലകൊണ്ടും ഓലകൊണ്ടും മേഞ്ഞവീടുകളിലാണ് താമസിച്ചിരുന്നത്. സമ്പന്നരായ കർഷകർപോലും വലിയ വീടുകൾ നിർമ്മിച്ചാലും ആഡംബരങ്ങൾ വളരെ കുറവായിരുന്നു. 1950 കൾക്ക് മുൻപ് ഈ പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശവും വനമായിരുന്നു. ധാരാളം നീരുറവകളും തോടുകളും കൊണ്ട് സമൃദ്ധമായ ഈ നാടിനെ വെള്ളത്തിന്റെ ഉറവിടം എന്ന അർത്ഥത്തിലാവാം പൂർവ്വികർ വെള്ളറട എന് വിളിച്ചതെന്ന് അനുമാനിക്കാം. 1953-ലാണ് ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വരുന്നത്. അമ്പൂരി പഞ്ചായത്ത് ഉൾപ്പെടെയുള്ള വിസ്തൃതമായ പഞ്ചായത്തായിരുന്നു അക്കാലത്ത് വെള്ളറട പഞ്ചായത്ത്. വെള്ളറട ഗ്രാമപഞ്ചായത്തിന്റെ 88% വും ഗ്രാമപ്രദേശങ്ങളാണ്. സുപ്രസിദ്ധ തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.