ഭൂമിശാസ്ത്രപരമായ വിശദാംശങ്ങൾ
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിര് തമിഴ്നാട് സംസ്ഥാനമാണ്. തെക്ക് കുന്നത്തുകാൽ പഞ്ചായത്ത്, പടിഞ്ഞാറ് ആര്യങ്കോട്, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തുകൾ, വടക്ക് അമ്പൂരി ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് അതിരുകൾ. മലയോര പ്രദേശമായതിനാലും സംരക്ഷിത വനം ഉൾപ്പെടെയുള്ള വനഭാഗവും പശ്ചിമഘട്ട മലനിരകളും ഒന്നിച്ചു ചേർന്ന പ്രദേശമായതിനാലും ഇവിടെ ധാരാളം മഴ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ജലലഭ്യതയ്ക്ക് യാതൊരു കുറവും ഇവിടെയില്ല. വെള്ളറട എന്ന പേര് തന്നെ ഈ ജലലഭ്യതയെ അടിസഥാനമാക്കി വന്നിട്ടുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു. പശ്ചിമഘട്ട മലനിരകളോട് ചേർന്നുള്ള തമിഴ്നാട് അതിർത്തി, പാറക്കൂട്ടങ്ങളും തോട്ടം മേഖലയും കുറ്റിക്കാടുകളും നിറഞ്ഞതാണ്. റബ്ബർ, വാഴ, തെങ്ങ്, സാധാരണ ഫലവൃക്ഷങ്ങൾ മുതൽ വിദേശ ഇനങ്ങളായ റംബൂട്ടാൻ, പിസ്ത, അവകാഡോ തുടങ്ങി വിവിധ ഇനം വിദേശ പ്ലാവ് വരെ ഇവിടെ സമൃദ്ധമായി വളരുന്നു. റബ്ബർ ടാപ്പിംഗ്, കാർഷിക തൊഴിലുകൾ ഒപ്പം ചെറുകിട വ്യവസായ സംരംഭങ്ങളും കാർഷിക ഉൽപ്പന്ന വിപണനവും ഇവിടത്തെ പ്രധാന തൊഴിലുകളാണ്. നെയ്യാറിന്റെ കൈവഴിയായ ചിറ്റാർ ആരംഭിക്കുന്നത് വെള്ളറട ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്നാണ്. കൂടാതെ നമ്മുടെ ഗ്രാമത്തിൽ രണ്ട് ചെറിയ തോടുകളും ചെറുതും വലുതുമായി 29 കുളങ്ങളും ഒട്ടനവധി നീരുറവകളും ഉണ്ട്. പ്രകൃതി- രമണീയവും ഹരിതഭംഗി നിറഞ്ഞതും നല്ല കാലാവസ്ഥയും മികച്ച ശുദ്ധവായു ലഭ്യതയുമുള്ള ഒരു മാതൃക ഗ്രാമമാണ് നമ്മുടെ ഗ്രാമപഞ്ചായത്ത്.